Sunday, January 1, 2012

ആദി പാഠങ്ങളിലേക്ക് നാം വീണ്ടും തിരിയുകയോ?

ആദി പാഠങ്ങളിലേക്ക് 
നാം വീണ്ടും തിരിയുകയോ?
ഫിലിപ്പ് വറുഗീസ്  'ഏരിയല്‍'
സെക്കന്തരാബാദ് 

(ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതി സുവിശേഷ ധ്വനി (Suvisesha Dhawani Weekly) വാരികയില്‍ പ്രസിദ്ധീകരിച്ച  എന്റെ ഒരു ലേഖനം .  ഇതിന്റെ പ്രസക്തി അന്നെന്ന പോലെ ഇന്നും തുടരുന്നതിനാല്‍ അത് വീണ്ടും ഇവിടെ പ്രസിദ്ധീകരിക്കുന്നു)
ഇന്ന് വിശ്വാസ ഗോളത്തില്‍ പലയിടത്തും അറിഞ്ഞോ അറിയാതയോ കടന്നു കൂടിയിരിക്കുന്ന ചില ദുരാചാരങ്ങള്‍ അല്ലെ ജന്മ ദിന ആഘോഷങ്ങള്‍, വിവാഹ വാര്‍ഷികങ്ങള്‍, ഷഷ്ടി പൂര്‍ത്തി ആഘോഷങ്ങള്‍ തുടങ്ങിയവ?  തങ്ങളുടെ മക്കളുടെയും, മക്കളുടെ മക്കളുടെയും തങ്ങളുടെ തന്നെയും ജനന ദിവസങ്ങള്‍ക്കു അമിത പ്രാധാന്യം നല്‍കി വിരുന്നു സല്‍ക്കാരങ്ങളിലും, അതെ തുടര്‍ന്നുള്ള ആഹ്ലാദ പ്രകടനങ്ങളിലും വിശ്വാസികളായ പലരും ലോക ജനങ്ങളെപ്പോലെ തന്നെ ആഘോഷിക്കുന്ന അവസ്ഥ ഇന്ന് പല ഇടങ്ങളിലും കാണുന്നുണ്ട്.
വിശ്വാസ ജീവിതത്തില്‍ അനേകം പടികള്‍ ചവുട്ടിക്കടന്നു പക്വത വന്നവരെന്നഭിമാനിക്കുന്ന വരില്‍പോലും ഈ പ്രവണത കാണുമ്പോള്‍ സത്യത്തില്‍ ദു:ഖം തോന്നുകയാണ്.
പൗലോസ്‌ അപ്പോസ്തലന്‍ ഗലാത്യയിലെ വിശ്വാസികളെ പ്രബോധിപ്പിച്ചു കൊണ്ടെഴുതിയ വാക്കുകള്‍ ആണ് ഇത്തരുണത്തില്‍ ഓര്‍മ്മയില്‍ വരുന്നത്.
"എന്നാൽ അന്നു നിങ്ങൾ ദൈവത്തെ അറിയാതെ സ്വഭാവത്താൽ ദൈവങ്ങളല്ലാത്തവർക്കു അടിമപ്പെട്ടിരുന്നു.  ഇപ്പോഴോ ദൈവത്തെ അറിഞ്ഞും വിശേഷാൽ ദൈവം നിങ്ങളെ അറിഞ്ഞുമിരിക്കെ നിങ്ങൾ പിന്നെയും ബലഹീനവും ദരിദ്രവുമായ ആദിപാഠങ്ങളിലേക്കു തിരിഞ്ഞു അവെക്കു പുതുതായി അടിമപ്പെടുവാൻ ഇച്ഛിക്കുന്നതു എങ്ങനെ?

നിങ്ങൾ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു. 
ഞാൻ നിങ്ങൾക്കു വേണ്ടി അദ്ധ്വാനിച്ചതു വെറുതെയായി എന്നു ഞാൻ ഭയപ്പെടുന്നു.
                                                                                  (ഗലാത്യ ലേഖനം 4:8-11)- (Gal.4:8-11).
പൗലോസ്‌ അപ്പോസ്തലന്‍ പറഞ്ഞത് പോലെ  ഒരു കാലത്ത് നാം പിന്‍പറ്റിക്കൊണ്ടിരുന്നതും, പിന്നീട് വിട്ടു കളഞ്ഞതുമായ ബലഹീനവും ദരിദ്രവുമായ ആദി പാഠങ്ങളിലേക്ക് നാം വീണ്ടും തിരിയുകയോ? ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുവാന്‍ നാം വീണ്ടും മുതിരുകയോ? ചിന്തിക്കുക!

തിരുവചനം ഇതേപ്പറ്റി എന്ത് പറയുന്നു എന്ന് നമുക്ക് നല്ല നിശ്ചയം ഉണ്ട്.
എങ്കിലും അത് പലപ്പോഴും നാം മനപ്പൂര്‍വ്വം മറക്കുകയല്ലേ ചെയ്യുന്നത്?
തിരുവചനത്തിലേക്ക്   നമുക്കൊന്ന് മടങ്ങി വരാം.

വചനം ഇത്തരം ആഘോഷങ്ങള്‍ക്ക് യാതൊരു വിധ പ്രാധാന്യവും നല്‍കുന്നതായി നാം എവിടെയും വായിക്കുന്നില്ല.  മറിച്ചു അത്തരം ചടങ്ങുകളെ നിരുല്‍സാഹപ്പെടുത്തി മാത്രമേ രേഖപ്പെടുത്തി കാണുന്നുള്ളൂ.

ദൈവ ഭക്തരായ ഇയ്യോബും യിരമ്യാവും തങ്ങളുടെ ജനന ദിവസത്തെ ശപിച്ചതായിട്ടാണ് രേഖപ്പെടുത്തിക്കാണുന്നത്.

ഇയ്യോബിന്റെ പുസ്തകത്തില്‍ നാം ഇപ്രകാരം വായിക്കുന്നു:
"അനന്തരം ഇയ്യോബ് വായി തുറന്നു തന്റെ ജന്മദിവസത്തെ ശപിച്ചു." (ഇയ്യോബ് 3:1).
"ഞാൻ ഗർഭപാത്രത്തിൽവെച്ചു മരിക്കാഞ്ഞതെന്തു? ഉദരത്തിൽനിന്നു പുറപ്പെട്ടപ്പോൾ തന്നേ പ്രാണൻ പോകാതിരുന്നതെന്തു?" (ഇയ്യോബ് 3:11).

യിരമ്യാവിന്റെ പുസ്തകത്തില്‍ നാം ഇപ്രകാരം കാണുന്നു:
"ഞാൻ ജനിച്ച ദിവസം ശപിക്കപ്പെട്ടിരിക്കട്ടെ; എന്റെ അമ്മ എന്നെ പ്രസവിച്ച ദിവസം അനുഗ്രഹിക്കപ്പെടാതിരിക്കട്ടെ." 
നിനക്കു ഒരു മകൻ ജനിച്ചിരിക്കുന്നു എന്നു എന്റെ അപ്പനോടു അറിയിച്ചു അവനെ ഏറ്റവും സന്തോഷിപ്പിച്ച മനുഷ്യൻ ശപിക്കപ്പെട്ടവൻ."  (യിരമ്യ്യാവ്. 20:14-15).

ദുഷ്ടന്മാരും ദൈവം ഇല്ലാത്തവരുമായ കേവലം രണ്ടു രാജാക്കന്മാരുടെ ജന്മ ദിനാഘോഷങ്ങളെ പ്പറ്റി മാത്രമേ തിരുവചനത്തില്‍ പ്രതിപാദിച്ചു കാണുന്നുള്ളൂ.

ഒന്ന് പഴയ നിയമത്തിലും (ഫറവോന്‍), മറ്റൊന്ന് പുതിയ നിയമത്തിലും (ഹെരോദാവു) ഇവരുടെ രണ്ടു പേരുടെയും ജീവിതം ഒരു വിധത്തിലും ശ്ലാഘനീയമായിരുന്നില്ല. ഈ രണ്ടു സന്ദര്‍ഭങ്ങളിലും    
അത്യന്തം ദു:ഖകരമായ രണ്ടു അനിഷ്ട സംഭവങ്ങളും നടന്നതായി നാം കാണുന്നു.

ഫറവോന്റെ ജന്മ ദിനത്തില്‍ തന്റെ അപ്പക്കാരുടെ പ്രമാണിയെ അവന്‍ തൂക്കിക്കൊന്നു. 

ഉല്‍പ്പത്തി 40:20-22 നാം ഇങ്ങനെ വായിക്കുന്നു:
"മൂന്നാം നാളിൽ ഫറവോന്റെ തിരുനാളിൽ അവൻ തന്റെ സകലദാസന്മാർക്കും ഒരു വിരുന്നുകഴിച്ചു. തന്റെ ദാസന്മാരുടെ മദ്ധ്യേ പാനപാത്ര വാഹകന്മാരുടെ പ്രമാണിയെയും അപ്പക്കാരുടെ പ്രമാണിയെയും ഓർത്തു. 
പാനപാത്രവാഹകന്മാരുടെ പ്രമാണിയെ ഫറവോന്റെ കയ്യിൽ പാനപാത്രം കൊടുക്കേണ്ടതിന്നു വീണ്ടും അവന്റെ സ്ഥാനത്തു ആക്കി.

അപ്പക്കാരുടെ പ്രമാണിയെയോ അവൻ തൂക്കിച്ചു; യോസേഫ് അർത്ഥം പറഞ്ഞതുപോലെ തന്നെ."
ഹെരോദാവിന്റെ ജനനോത്സവത്തില്‍ യേശു ക്രിസ്തുവിന്റെ തന്നെ മുന്നോടി ആയിരുന്ന യോഹന്നാന്‍ സ്നാപകന്റെ ശിരഛെദം  നടത്തേണ്ട ഗതി തനിക്കുണ്ടായി.

എത്രയോ ദു:ഖത്തില്‍ പര്യവസാനിച്ച രണ്ടു ആഘോഷങ്ങള്‍.  ഇന്നും ഇത്തരം പല ആഘോഷ തിമിര്‍പ്പുകളുടെയും പരിണിതഫലം ഏതെങ്കിലും  തരത്തിലുള്ള ദുരന്തത്തിലവസാനിക്കാറില്ലേ?
അത്തരം പല ഉദാഹരണങ്ങള്‍ ഈ എഴുത്തുകാരന് നിരത്തി വെക്കുവാന്‍ കഴിയും.

ഇന്ന് ക്രൈസ്തവ ജനത കര്‍ത്താവിന്റെ ജനനോത്സവത്തെ  കൊണ്ടാടുന്നു എന്ന് പറഞ്ഞു കാട്ടിക്കൂട്ടുന്ന ചെയ്തികള്‍ എത്രയോ ഹീനവും നിന്ദ്യവും ആയ രീതിയിലാണ്.  ലോകത്തില്‍ ഇന്ന് ഏറ്റവും അധികം അക്രമങ്ങളും, അപകടങ്ങളും നടക്കുന്ന ദിവസങ്ങള്‍ കര്‍ത്താവിന്റെ ജന്മദിനം എന്ന് പറഞ്ഞു ആഘോഷിക്കുന്ന ഡിസംബര്‍ ഇരുപത്തിയഞ്ചിലും, അതേത്തുടര്‍ന്നുള്ള  പുതു വത്സര ആഘോഷ ദിനങ്ങളിലും ആണെന്ന് അടുത്തയിട ഒരു പത്ര വാര്‍ത്ത കാണുകയുണ്ടായി.  
എത്ര പരിതാപകരമായ ഒരു സ്ഥിതി വിശേഷം.  പ്രപഞ്ചത്തിന്റെ സൃഷ്ടിതാവിനെ വേണ്ടും വണ്ണം അറിയാതെ തന്നേ പ്രീതിപ്പെടുത്താനെന്ന മോഹത്തില്‍ എന്തെല്ലാമോ കാട്ടിക്കൂട്ടുന്നു.

വര്‍ഷത്തിന്റെ ഒരു പ്രത്യേക ദിവസത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി ആ ദിവസം മാത്രം ദൈവത്തെ പുകഴ്ത്തുന്നു ആരാധിക്കുന്നു എന്നു പറയുന്നത് തികച്ചും അര്‍ഥ ശൂന്ന്യമാണ്, കാരണം 
ദൈവം ദിവസങ്ങളെ എല്ലാം ഒരുപോലെ ആണ് സൃഷ്ടിച്ചിരിക്കുന്നത്. ആ ദിവസങ്ങളില്‍ എല്ലാം തന്നേ ഒരേ രീതിയിലും ഒരേ അവസ്ഥയിലും തന്നെ ആരാധിക്കണമെന്നും ദൈവം മനുഷ്യരില്‍ നിന്നും ആഗ്രഹിക്കുന്നു.

ഇന്ന് അനേകരും ക്രിസ്തുവിനെ കൂടാതെയുള്ള ക്രിസ്തുമസ് ആചരണത്തിന് പ്രാധാന്യം നല്‍കുന്നതായാണ് കാണുന്നത്. ഇതില്‍ നിന്നും എത്രയോ വ്യത്യസ്തരായിരിക്കേണ്ട വിശ്വാസികള്‍ എന്നു പേര്‍ പറയുന്നവര്‍ പോലും ഇത്തരം വെറിക്കൂത്തുകളിലും, ആചാരങ്ങളിലും അകപ്പെട്ടു പോകുന്നത് എത്രയോ ദു:ഖകരമാണ്.   

അപ്പോസ്തലന്‍ പറഞ്ഞത് പോലെ, ദൈവത്തെ അറിയാതെ കഴിഞ്ഞിരുന്ന കാലത്തെ ബലഹീനവും ദരിദ്രവുമായ ആദി പാഠങ്ങളിലേക്ക് തിരിഞ്ഞു അവയ്ക്ക് വീണ്ടും അടിമകള്‍ ആകാതിരിപ്പാന്‍ നമുക്ക് ശ്രദ്ധിക്കാം.  "ഞാന്‍ നിങ്ങള്‍ക്കു വേണ്ടി അധ്വാനിച്ചത് വെറുതെയായി എന്നുള്ള സ്വരം കേള്‍പ്പാന്‍ നമുക്കിടയാകാതിരിക്കട്ടെ.

ക്രിസ്തു ഹൃദയങ്ങളില്‍ ജനിക്കാതെയുള്ള ഒരു ആഘോഷവും, ഒരു ആചാരവും യഥാര്‍ഥ സമാധാനവും സന്തോഷവും തരില്ല. യഥാര്‍ ഥമായി ക്രിസ്തു ഹൃദയങ്ങളില്‍ വസിക്കുന്നുയെങ്കില്‍ ആ വ്യക്തിക്ക് തന്റെ ജീവിതത്തില്‍ ഓരോ ദിവസവും ക്രിസ്തുമസ് ആഘോഷിക്കുവാന്‍ കഴിയും.

വ്യര്‍ഥമായ ഇത്തരം പുറം ആചാരങ്ങളില്‍ നമ്മുടെ സമയം നഷ്ടമാക്കാതെ നമ്മുടെ കര്‍ത്താവിന്റെ വരവിനെ ബദ്ധപ്പെടുത്തുന്നവരും, തന്റെ വരവിനായി ആവലോടെ ഇരിക്കുന്നതിനും, അതെപ്പറ്റി രണ്ടായിരം വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നും അജ്ജരായിരിക്കുന്ന അനേകരെ അതറിയിക്കുന്നതിനും നമുക്ക് യെജ്ജിക്കാം, ഏതു വിധേനയും നമുക്കതറിയിക്കാം.  കര്‍ത്താവ്‌ അതിനേവര്‍ക്കും സഹായിക്കട്ടെ.  

                         (Published in Suviseshadhwani weekly in the year 1993 Feb. 8)
 
 

No comments:

Post a Comment