Friday, January 18, 2013

സര്‍വ്വ വല്ലഭന്‍ - കവിതസുവിശേഷകന്‍ ബാലസംഘം സുവനീറില്‍ പ്രസിദ്ധീകരിച്ച  ഒരു കവിത 
സ്നേഹത്തിന്‍ ദീപവുമേന്തി 
പാരിതില്‍ വന്നവനാരോ 
ത്യാഗത്തിന്‍ ദൂതും തണലും 
പാരിന്നു ഏകിയതാരോ 
സത്യത്തിന്‍ പാത തുറന്നൊരു 
സത്യത്തിന്‍ പോന്മുഖമേതോ?
ഇരുളിങ്കല്‍ ഒളി ചിന്നീടണ 
പാരിന്റെ പൊന്‍പ്രഭയെതോ?
കാരുണ്യത്തിരയിളകീടണ 
കരകാണാ സാഗരമേതോ?
ആലംബര്‍ക്കാശ്രയമേകും 
ആശ്വാസപ്പൂവനമേതോ?
മഴമേഖക്കീറിന്നുള്ളില്‍;
മിന്നീടും ശോഭ പരത്തും-
മന്നിന്റെ സൃഷ്ടാവിന്‍ പേര്‍ 
ചൊന്നീടുക പ്രിയബാലകരെ.
പാപത്തിന്‍ കൂപമത്തില്‍-
പ്പെട്ടുഴലാതെ കോരിയെടുക്കും 
പാരിന്റെയധിപനവന്‍ പേര്‍-
അറിയില്ലേ നിങ്ങള്‍ക്കിന്നു.
അറിയില്ലേല്‍ ചോന്നീടാം ഞാന്‍-
ആ സര്‍വ്വ വല്ലഭനത്രെ 
ശ്രീയേശു ക്രിസ്തു മഹാന്‍ 


Tuesday, January 15, 2013

എനിക്ക് ബുദ്ധി ഉപദേശിച്ചു തന്ന യെഹോവയെ ഞാന്‍ വാഴ്ത്തും

എനിക്ക് ബുദ്ധി ഉപദേശിച്ചു തന്ന യെഹോവയെ ഞാന്‍ വാഴ്ത്തും  

Thursday, January 3, 2013

നിങ്ങള്‍ ഏതു കൂട്ടത്തില്‍? In Which Group You Are?


എഫെസ്യ ലേഖനം രണ്ടാം അദ്ധ്യായം  ഒന്ന് മുതല്‍ പത്തു വരെയുള്ള വാക്യങ്ങളില്‍ വ്യത്യസ്തമായ അവസ്ഥയില്‍ ആയിരിക്കുന്ന രണ്ടു വിഭാഗം മനുഷ്യരെ കാണാം.  അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ച അവസ്ഥയിലായിരിക്കുന്ന ഒരു വിഭാഗവും, അതില്‍ നിന്നും വിടുതല്‍ പ്രാപിച്ച് , കരുണാസമ്പന്നനായ ദൈവത്താല്‍ ആത്മീക ചൈതന്യം പ്രാപിച്ച മറ്റൊരു വിഭാഗവും.


Picture Credit: guardian.co.uk
മാനവ ജാതി മുഴുവനും ഈ രണ്ടു ഗണത്തില്‍ പെട്ടവരത്രെ.  ഇതിനു രണ്ടിനും മദ്ധ്യത്തിലുള്ള ഒരു അവസ്ഥ ഇല്ല.  നിര്‍ജീവമായ  ഒരു  മൃതശരീരത്തിന്റെ  അവസ്ഥ  എപ്രകാരമായിരിക്കുമോ  അതില്‍  നിന്നും  ഒട്ടും വ്യത്യസ്തമല്ലാത്ത   അവസ്തയിലത്രേ   പാപ  ബാധിധരായ   മനുഷ്യരുടെയും   സ്ഥിതി,   അവര്‍ക്കു ജീവനുണ്ടങ്കിലും   ആത്മീക   ജീവന്‍   പ്രാപിക്കാത്തിടത്തോളം   കാലം   അവരുടെ   പ്രവര്‍ത്തനങ്ങളും ചെയ്തികളും   ചത്തതത്രേ.    നിര്‍ജീവമായ   ഒരു   ശരീരം  വളരെ വിലയേറിയതും, മേന്മയേറിയതുമായ സുഗന്ധ വസ്തുക്കള്‍ കൊണ്ട് ലേപനം  ചെയ്തും, നല്ല   വസ്ത്രങ്ങള്‍  ധരിപ്പിച്ച് മോടിപിടിപ്പിച്ചു മനുഷ്യ പ്രയഗ്ന്തം കൊണ്ട് അല്‍പ്പ സമയത്തേക്ക് ചൈതന്യ രൂപമാക്കി തീര്‍ക്കുവാന്‍ സാധിച്ചേക്കാം എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്കകം മൂക്ക് പൊത്തി അകന്നു നില്‍ക്കേണ്ട അവസ്ഥ ഉണ്ടാകും.

പാപം ബാധിച്ച മനുഷ്യ വര്‍ഗ്ഗത്തിന്റെ അവസ്ഥയും ഇപ്രകാരമാണ്.  ഈ ലോകജീവിതത്തില്‍ മനസ്സിന് അല്‍പ്പം പോലും സമാധാനമില്ലാത്ത അവസ്ഥ.  നാശത്തിലേക്കാണ്  തങ്ങള്‍ ഗമിച്ചു കൊണ്ടിരിക്കുന്നത് എന്ന സത്യം പാടെ മറന്നു കൊണ്ട് നീങ്ങുന്നു.  ഈ ലോക ജീവിതത്തിനപ്പുറം നരക തുല്യമായ ഒരു ജീവിതത്തെ അഭിമുഖീകരിക്കണം എന്ന സത്യം നിഷേധിച്ചു കൊണ്ട് കാലം കഴിക്കുന്നു.  ആത്മീക ജീവന്‍ പ്രാപിക്കാതെ ലോക ജീവിതത്തിനു ശേഷമുളള ഇവരുടെ ശോചനീയ സ്ഥിതി യഥാര്‍ത്ഥത്തില്‍ മനുഷ്യ ചിന്തയ്ക്ക്  അതീതമത്രേ.  സത്യത്തില്‍ ലോക ജനസംഖ്യയില്‍ തൊണ്ണൂറു ശതമാനവും അന്ധരെപ്പോലെ ജീവിതം നയിക്കുകയാണ് .
യഥാര്‍ത്ഥ ജീവന്‍ പ്രാപിച്ചു അവിടവിടെയായി ചിതറിപ്പാര്‍ക്കുന്ന ഒരു കൂട്ടമുണ്ട്.  നിങ്ങള്‍ ഭൂമിയുടെ ഉപ്പാകുന്നു എന്ന ദൈവ വചനം ശ്രദ്ധിക്കുക.  പാപ കുഷ്ഠത്താല്‍ ചീഞ്ഞു നാറിക്കൊണ്ടിരിക്കുന്ന ലോക ജനങ്ങളുടെ മദ്ധ്യേ അഴുകലിനൊരു പരിഹാരം (ഉപ്പു) ആയിരിക്കേണ്ട വിശ്വാസികളും അഴുകിക്കൊണ്ടിരിക്കുന്ന ഭൂരിപക്ഷത്തിനൊപ്പം നീങ്ങുകയല്ലേ ചെയ്യുന്നത്?
ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക്  രുചി വരുത്താന്‍ ആരും ഭക്ഷണ ത്തിനൊപ്പം അതേ അളവില്‍ ഉപ്പു ചേര്‍ക്കാറില്ല, അങ്ങനെ ചേര്‍ത്താല്‍ ആ ഭക്ഷണം കഴിക്കാന്‍ കൊള്ളാതാകും.  ലോക ജന മദ്ധ്യത്തില്‍  അത്മ ജീവന്‍ പ്രാപിച്ച വിശ്വാസികള്‍ മറ്റുള്ളവര്‍ക്ക് അത്മീയ ചൈതന്യം പകരുന്ന ഉപ്പായിരിക്കണം.  

നിങ്ങള്‍ ആയിരിക്കുന്നത് ഏതു കൂട്ടത്തില്‍?   ഭൂമിയുടെ ഉപ്പാകുന്ന യഥാര്‍ത്ഥ ജീവന്‍ പ്രാപിച്ച ചെറിയ കൂട്ടത്തോടോപ്പമോ?  അതോ വക്രതയും വഞ്ചനയും നിറഞ്ഞ ഭൂരിഭാഗത്തിന്റെ കൂട്ടത്തിലോ?
ചിന്തിക്കുക.
1980 ല്‍ ബ്രദറണ്‍ വോയിസ്  വാരികയില്‍ പ്രസിദ്ധീകരിച്ചത് (First published in the Brethren Voice weekly, Kottayam, Kerala – 1980 June 24)

A Knol published  in Google, now migrated to WordPress

Sunday, January 1, 2012

ഉണര്‍ന്നും പ്രാര്‍ഥി ച്ചും കൊണ്ടിരിപ്പീന്‍

വീക്ഷണ വിശേഷംഉണര്‍ന്നും പ്രാര്‍ഥി ച്ചും കൊണ്ടിരിപ്പീന്‍
ഫിലിപ്പ് വറുഗീസ് സിക്കത്രാബാദ്

ലോകത്തെ മൊത്തമായും ഭാരതത്തെ വിശേഷിച്ചും കിടിലം കൊള്ളിച്ച ഒരു സംഭവമായിരുന്നു ഇക്കഴിഞ്ഞ സെപ്തംബറില്‍ മഹാരാഷ്ട്രയില്‍ ഉണ്ടായ  ഭൂകമ്പം.  അനേകായിരങ്ങളുടെ മരണത്തിനിടയാക്കിയ ഏറ്റവും ഭീകരമായ ഒരു സംഭവമായിരുന്നു


ഇതേക്കുറിച്ച് 'ടൈം' മാസിക റിപ്പോര്‍ട്ട് ചെയ്തതു ഇപ്രകാരമായിരുന്നു.  "ഭാരതത്തിലെ ജനങ്ങളുടെ ഇഷ്ട ദേവനായ വിഘ്നേശ്വരന്റെ (തടസ്സങ്ങള്‍ അകറ്റുന്നവന്‍) ആയ ഗണപതി ദേവനു വേണ്ടിയുള്ള നീണ്ട പത്തു ദിവസത്തെ പൂജക്ക്‌ ശേഷം പത്താം ദിവസം രാത്രി നൃത്തതോടും,സംഗീതത്തോടും, ആര്‍പ്പു വിളികളോടും വിഘ്നേശ്വരനെ നിമഞ്ജനം ചെയ്തശേഷം രാത്രി ഒരു മണിയോടെ ക്ഷീണിച്ചവശരായ ജനങ്ങള്‍ നിദ്രയിലമര്‍ന്നു, അതവരുടെ അവസാന ഉറക്കം ആയിരുന്നു എന്നവര്‍ അറിഞ്ഞില്ല."


അര ലക്ഷത്തോളം ജനങ്ങളുടെ ജീവനപഹരിച്ച ഈ ദുരന്തം മനുഷ്യ മനസാക്ഷിയെ ഞട്ടിപ്പിക്കുന്ന ഒന്നായിരുന്നു.  രക്ഷപ്പെട്ടവരുടെ പുനരധിവാസത്തിനും, ദുരിതാശ്വാസതിനുമായി ദേശത്തും വിദേ
ശത്തുമുള്ളവര്‍ ധന സഹായം എത്തിച്ചു കൊണ്ടിരുന്നു. ഗവണ്മെന്റും  വിവിധ മത സാമുദായിക സംഘടനകളും ഈ പ്രതി സന്ധി ഘട്ടത്തില്‍ തങ്ങളുടെ സഹായ ഹസ്തങ്ങളുമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കു കൊണ്ടു.


ശവ ശരീരങ്ങള്‍ കൂമ്പാരമായി കത്തിച്ചു കളയുന്ന കാഴ്ച ഹൃദയ ഭേദകമായിരുന്നു. ഈശ്വരന്‍ ഇത്ര കഠിന ഹൃദയനോ?  ന്യായമായും ഉയരാവുന്ന ഒരു ചോദ്യം.  സര്‍വ്വ ദയാലുവായ ദൈവം എന്തിനാണി ത്തരം കെടുതികള്‍ വരുത്തുന്നത് ! ഭൂകമ്പം, ക്ഷാമം, വെള്ളപ്പൊക്കം, വരള്‍ച്ച, പകര്‍ച്ച വ്യാധികള്‍ എന്നിവ നാള്‍ക്കുനാള്‍ പെരുകിക്കൊണ്ടിരിക്കുന്നു.


ലോക ജനങ്ങള്‍ എന്നത്തേതിലും അധികം ദുഷ്പ്ര വര്‍ത്തി കളിലേക്കും നീങ്ങിക്കൊണ്ടിരിക്കുന്നു.  ദൈവം പ്രകൃതി ശക്തിയാല്‍ ലോകത്തെ ന്യായം വിധിക്കും എന്ന് വചനം വ്യക്തമായി പ്രഘോഷിക്കുന്നു, സവം ഉള്ളേ ട ത്തു കഴുക്കള്‍ കൂടും എന്ന കര്‍ത്തൃവചനം പോലെ (മത്തായി. 24:28). ദു രിതാശ്വാസ ത്തിന്റെ പേരില്‍ മുതലെടുപ്പ് നടത്തുന്നവരും കുറവല്ല!  

പുനരധിവാസപദ്ധതിയുടെ  ചുമതലക്കാരനായി 'മനോരമ' നിയമിച്ച ലാറി  ബക്കര്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയ മാണ്.  'ഇടതട്ടുകാരായ കഴുകന്മാര്‍ സഹായങ്ങള്‍ തട്ടിയെടുക്കുന്നു. ഭക്ഷ്യ വസ്തുക്കള്‍ കയറ്റിയ രണ്ടു ട്രക്കുകള്‍ ഒരു നേതാവിന്റെ വീട്ടിലേക്കാ ണത്രെ പോയത്.  സൗജന്യമായെത്തിയ വസ്ത്രങ്ങളും ടെന്റുകളും തകര ഷീറ്റുകളും എല്ലാം ഇപ്രകാരം വഴിമാറിപ്പോയത്രേ! തങ്ങളുടെ വായനക്കാരില്‍ നിന്നും സംഭരിക്കുന്ന തുക പുനരധിവാസ രംഗത്ത് ലാത്തൂര്‍ ജില്ലയില്‍ ബോനെഗാവില്‍ ഒരു പുതിയ ഗ്രാമം നേരിട്ട് തന്നെ പണിയുന്ന മനോരമ അഭിനന്ദനം അര്‍ഹിക്കുന്നു.  മുഖ്യ മന്ത്രി ആവശ്യപ്പെട്ടിട്ടും തുക നല്‍കാതെ ആവശ്യ സ്ഥാനത്തു എത്തിച്ച മനോരമയുടെ  മാതൃക ശ്ലാഘനീയം തന്നെ.  ഇടനിലക്കാരെ ഒഴിവാക്കി ആവശ്യ രംഗത്ത് നേരിട്ട് പ്രവര്‍ത്തിക്കുന്ന രീതി ആത്മീയ രംഗത്തും അനുവര്‍ത്തിച്ചിരുന്നു എങ്കില്‍ എത്ര നന്നായിരുന്നു! സംഭാവന ലിസ്റ്റില്‍ പല ബ്രെദറണ്‍ അസ്സംബ്ലികളുടെയും പേരുകള്‍ കാണുകയുണ്ടായി. ശ്ലാഘനീയം തന്നെ.  അഭിനന്ദനങ്ങള്‍! 

പ്രീയമുള്ളവരെ ദൈവ വചനം നിറ വേറി ക്കൊണ്ടിരിക്കുന്നു.  അന്ത്യ കാലത്ത് ഇതൊക്കെയും സംഭവിക്കും. നിശ്ചയം. എന്നാല്‍ ഇതില്‍ നിന്നെല്ലാം ഒഴിഞ്ഞു പോകുവാനും മനുഷ്യപുത്രന്റെ മുന്‍പില്‍ നില്‍പ്പാനും പ്രാപ്തരാ കേണ്ടതിനു സദാ കാലവും ഉണര്‍ന്നും പ്രാര്‍ഥി ച്ചും കൊണ്ടിരിപ്പീന്‍  (ലൂക്കോസ് 21: 36)   എന്നു കര്‍ത്താവ്‌ താന്‍ തന്നെ പറഞ്ഞിരിക്കുന്നു.


പ്രീയപ്പെട്ടവരെ നമുക്ക് ഉണരാം.  കാലം അതിക്രമിച്ചിരിക്കുന്നു.  നമ്മുടെ കര്‍ത്താവു ഇതാ വാതില്‍ക്കല്‍ എത്തിയിരിക്കുന്നു.  അന്ധകാരത്തില്‍ നശിച്ചു കൊണ്ടിരിക്കുന്ന ജനങ്ങളോട്  സര്‍വ്വ ചരാചരങ്ങളുടെയും സൃഷ്ടാവും നിയന്ത്രകനും ആയ നമ്മുടെ കര്‍ത്താവിനെ ക്കുറിച്ചും അവന്റെ ആസന്നവരവിനെ ക്കുറി ച്ചും അറിയിക്കാം. അതിനെ അവഗണിക്കുന്നവര്‍ നിത്യ നാശ
ത്തിലേ ക്കാണു നീങ്ങുന്നതെന്ന്  നമുക്ക് മുന്നറിയിപ്പു നല്‍കാം.

ഇപ്പോള്‍ മിണ്ടാതിരുന്നാല്‍ നേരം പുലരും, നാം കുറ്റക്കാരെന്നു വരും.  ഈ സദ്വര്‍ത്തമാന ദിവസം പരമാവധി പ്രയോജനപ്പെടുത്താം.

വലിയവനായ ദൈവം അതിനേവര്‍ക്കും സഹായിക്കട്ടെ.


ശുഭം 
(1993 നവംബറില്‍  ഉന്നതധ്വനി  മാസികയില്‍ എഴുതിയത്.  ഇതിലെ ആശയം ഇന്നും പ്രസക്തമാകയാല്‍ വീണ്ടും ഇവിടെ പ്രസിദ്ധീകരിക്കുന്നു.)


Source:
High Range Echo Magazine (ഉന്നതധ്വനി  മാസിക) Kottayam Kerala, India."ക്രിസ്-മിസ്സും" അനുതാപരഹിത ആണ്ടറുതിയോഗവും "Christ-Miss" and the repent-less Year-end Meetings(Watch Night Service)

"ക്രിസ്-മിസ്സും" അനുതാപരഹിത ആണ്ടറുതിയോഗവും  "Christ-Miss" and the repent-less Year-end Meetings(Watch Night Service)
(ഒരു ചിന്ത- A Thought)
ഒരു  ആണ്ടും കൂടി നമ്മോടു വിടപറയാന്‍ ഇനി ദിവസങ്ങള്‍ മാത്രം.

ആണ്ടിന്റെ അവസാനം വന്നെത്തുന്ന  'ക്രിസ്മസ്'  എന്ന ക്രിസ്തുവിന്റെ ജനനോത്സവം കേക്ക് മുറിച്ചും, ആശംസകള്‍ നേര്‍ന്നും, വിവിധ തരം പരിപാടികള്‍ സംഘടിപ്പിച്ചും അനേകര്‍ ആഘോഷിച്ചു കഴിഞ്ഞിരിക്കുന്നു.  ലോകരക്ഷകനായ യേശു ക്രിസ്തു പാപികളേത്തേടി മനുഷ്യ വേഷം എടുത്തു  ഭൂമിയില്‍ അവതരിച്ചു  എന്നത് നിഷേധിക്കാനാവാത്ത ചരിത്ര സത്യമായി നില നില്‍ക്കുന്നു.  എന്നാല്‍ ആ മഹത് സംഭവത്തിന്റെ പേരില്‍ ഇന്ന് നടക്കുന്ന ആഘോഷങ്ങള്‍ എല്ലാം തന്നെ വെറും ചടങ്ങുകളായും, സഭ്യത വിട്ടുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടു കൊണ്ടുള്ളതുമാണ് എന്നത് ദു:ഖകരമായ ഒരു സത്യമാണ്.  ക്രിസ്തുമസ് ഇന്ന് ക്രിസ്-മിസ്സ്‌ ആയി മാറിയിരിക്കുന്നു.  ചടങ്ങുകളില്‍ നിന്നും ക്രിസ്തു മിസ്സ്‌ ആയിപ്പോയിരിക്കുന്നു.

വിശ്വാസികള്‍ എന്നഭിമാനിക്കുന്ന പലരിലും ക്രിസ്മസ് ആഘോഷം എന്ന  ഈ ജ്വരം പടര്‍ന്നു പിടിച്ചിരിക്കുന്നു എന്നത് അതിലും ഖേദകരമായ ഒരു വസ്തുതയാണ്. പല വിശ്വാസ ഭവനങ്ങളിലും സാത്താന്റെ സിമ്പല്‍ ആയി സ്ഥിരീകരിക്കപ്പെട്ട നക്ഷത്ര വിളക്കുകള്‍ ഈ വര്‍ഷവും തൂങ്ങിക്കിടക്കുന്ന ദയനീയ കാഴ്ച കാണുവാന്‍ കഴിഞ്ഞു.

ഡിസംബര്‍ 25 ന്റെ ചരിത്രം പരിശോധിച്ചാല്‍, ഇത് പുറ ജാതികളില്‍ നിന്നും കടന്നു വന്ന  ഒരു ആചാരമാണെന്നു കാണുവാന്‍ കഴിയും.  തന്നെയുമല്ല ഈ തീയതി സ്ഥിരീകരിക്കാപ്പെടാത്ത ഒരു സങ്കല്‍പ്പ ദിവസം മാത്രമാണ്. ക്ലമന്റെ ഓഫ് അലക്സാട്രിയ (A.D.180) യുടെ  രേഖകളില്‍ ക്രിസ്തുവിന്റെ ജനനം ചിലര്‍ ഏപ്രില്‍ 21-നും ചിലര്‍ ഏപ്രില്‍ 22-നും മറ്റു ചിലര്‍  മെയ  20- നും ആഘോഷിച്ചതായി രേഖപ്പെടുത്തിക്കാണുന്നു. എന്നാല്‍ കിഴക്കന്‍ നാടുകളിലുള്ള സഭകള്‍ അതു ജനുവരി 6- നു ആഘോഷിക്കുന്നു.  അതിനവര്‍ നിരത്തുന്ന തെളിവുകള്‍ രസകരം തന്നെ.  ആദ്യ  ആദാം സൃഷ്ടിയുടെ ആറാം ദിവസം ജനിച്ചെങ്കില്‍ രണ്ടാം ആദാമായ   ക്രിസ്തു വര്‍ഷത്തിന്റെ ആറാം ദിവസവും ജനിച്ചതായി വാദി ക്കുന്നു.  നൂറ്റാണ്ടുകളായി അവര്‍ ഈ തീയതിയില്‍ ക്രിസ്തുമസ് ആഘോഷിച്ചു വരുന്നു.  അര്‍മേനിയന്‍ സഭകള്‍ ഇപ്പോഴും ഈ തീയതിയില്‍ ക്രിസ്തുമസ് കൊണ്ടാടുന്നു.

തമ്മൂസ് എന്ന ജാതീയ ദേവന്റെ ജനനോത്സവമായി  ആഘോഷിച്ചിരുന്ന ഡിസംബര്‍ 25  ക്രമേണ സഭകള്‍ക്കുള്ളില്‍ കടന്നു കൂടി.  നാലാം നൂറ്റാണ്ടിലാണ് പടിഞ്ഞാറന്‍ സഭകളില്‍ ഡിസംബര്‍ 25
ക്രമേണ സഭകള്‍ക്കുള്ളില്‍ കടന്നു കൂടി. നാലാം നൂറ്റാണ്ടിലാണ് പടിഞ്ഞാറന്‍ സഭകളില്‍ ഡിസംബര്‍ 25 ആദ്യമായി ക്രിസ്മസ്സായി ആഘോഷിച്ചത്.  കാലക്രമത്തില്‍ റോമാക്കാര്‍ അത് പൂര്‍ണമായും അംഗീകരിക്കുകയും പിന്നീടത്‌ പരക്കെ പ്രചാരത്തില്‍ വരികയും ചെയ്തു.

ഏതായാലും ക്രിസ്തുവിന്റെ ജനനദിവസം ആഘോഷിക്കെണ്ടതോ, ഓര്‍ത്തു ആച്ചരിക്കെണ്ടതോ ആയിരുന്നെങ്കില്‍ ദൈവം അത് തിരുവചനത്തില്‍ വ്യക്തമാക്കിത്തരുമായിരുന്നു  കര്‍ത്താവോ തന്റെ ശിഷ്യന്മാരോ, ആദ്യ നൂറ്റാണ്ടിലെ വിശ്വാസികളോ ആരും തന്നെ തങ്ങളുടെ ജനന ദിവസം ആഘോഷിച്ചതായി രേഖകള്‍ ഇല്ല.

നമ്മില്‍ അനേകരും ക്രിസ്തുമസ് ആഘോഷിക്കുന്നില്ലങ്കിലുംനമ്മുടെ മദ്ധ്യേ വളരെ  പ്രാധാന്യം നല്‍കി ആചരിച്ചു വരുന്ന മറ്റൊരു ചടങ്ങത്രേ "watch night service" എന്ന ഓമന പ്പേരില്‍ അറിയപ്പെ ടുന്ന ഈ ആഘോഷം.  വിശേഷിച്ചു കേരളത്തിന്‌ പുറത്തുള്ള സഭകളിലാണിത് അധികമായി കണ്ടു വരുന്നത്.  ഡിസംബര്‍ 31 -നു  രാത്രി ഒരുമിച്ചു കൂടി കഴിഞ്ഞ വര്‍ഷം കര്‍ത്താവിനായി  ഒന്നും ചെയ്യുവാന്‍ കഴിഞ്ഞില്ലന്നും, എങ്കിലും വലിയവനായ കര്‍ത്താവ്‌ എനിക്കു നല്ലവനും 'വല്ലവനും' ആയിരുന്നു എന്നും ഈ വര്‍ഷം കര്‍ത്താവിനായി ചിലതെല്ലാം ചെയ്യാമെന്നും ഉള്ള ഏറ്റു പറച്ചിലിന്റെയും തീരുമാനത്തിന്റെയും, ചിലപ്പോള്‍ കരച്ചിലിന്റെയും മറ്റും ഒരു ബഹളം ആയിരിക്കും ഈ ചടങ്ങുകളില്‍. (രസകരമായ വസ്തുത,  ഇതേ പല്ലവി അടുത്ത വര്‍ഷം ആണ്ടറുതി യോഗത്തിലും  ഇവര്‍ ആവര്‍ത്തിക്കുന്നു എന്നതാണ്).    തുടര്‍ന്ന് കൃത്യം പന്ത്രണ്ടു മണിക്ക് പ്രധാന മൂപ്പെന്റെ അല്ലെങ്കില്‍ സുവിശേഷകന്റെ പ്രാര്‍ഥനയോടെ പുതു വര്‍ഷത്തിലേക്ക് പ്രവേശിക്കുകയായി.  പിന്നീട് കേക്ക് മുറിക്കലിന്റെയും, ഉച്ചത്തിലുള്ള അഭിവാദ്യങ്ങളുടെയും, ആശംസകളുടെയും ഒരു ബഹളം ആയിരിക്കും.  അതോടെ ആ ചടങ്ങ് അവിടെ അവസാനിക്കുന്നു.  പഴയ സ്ഥിതി വീണ്ടും തുടരുന്നു.  ഈ പല്ലവി അടുത്ത വര്‍ഷവും ആവര്‍ത്തിക്കുന്നു.  നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്ന ഇത്തരം ചടങ്ങുകള്‍ കൊണ്ട് ഉദ്ദേശിക്കുന്ന ഒരു പ്രയോജനവും ലഭിക്കുന്നില്ലെന്നതാണ് സത്യം.  നമ്മുടെ സാക്ഷ്യം ചുവരുകള്‍ക്കും, കെട്ടിയടക്കപ്പെട്ട ചില പ്രത്യേക സ്ഥലങ്ങളില്‍ നിന്നും പുറം ലോകത്തേക്ക് നീക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.


പൗലോസ്‌ അപ്പോസ്തലന്‍   ഗലാത്യരോട് പറഞ്ഞ വാക്കുകള്‍ വീണ്ടും ഓര്‍മ്മയില്‍ വരുന്നു.
"ഇപ്പോഴോ ദൈവത്തെ അറിഞ്ഞും വിശേഷാൽ ദൈവം നിങ്ങളെ അറിഞ്ഞുമിരിക്കെ നിങ്ങൾ പിന്നെയും ബലഹീനവും ദരിദ്രവുമായ ആദിപാഠങ്ങളിലേക്കു തിരിഞ്ഞു അവെക്കു പുതുതായി അടിമപ്പെടുവാൻ ഇച്ഛിക്കുന്നതു എങ്ങനെ?  നിങ്ങൾ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു.  ഞാൻ നിങ്ങൾക്കു വേണ്ടി അദ്ധ്വാനിച്ചതു വെറുതെയായി എന്നു ഞാൻ ഭയപ്പെടുന്നു.(ഗലാത്യ ലേഖനം 4:10-11).

ആണ്ടില്‍ ഒരിക്കല്‍ ഒരു പ്രത്യേക ദിവസത്തിന് പ്രാധാന്യം നല്‍കി ദൈവത്തെ വാഴ്ത്തുന്നു സ്തുതിക്കുന്നു, ആരാധിക്കുന്നു എന്നു പറയുന്നത് തികച്ചും അര്‍ഥശൂന്യമാണ്.  കാരണം ദൈവം ദിവസങ്ങളെ എല്ലാം ഒരുപോലെയാണ് സൃഷ്ടിച്ചിരിക്കുന്നത്.  ആ ദിവസങ്ങളുടെ ഓരോ നിമിഷത്തിലും  നാം അവനെ ഒരേ രീതിയിലും അവസ്ഥയിലും സ്തുതിക്കുവാനും ആരാധിക്കുവാനും കടപ്പെട്ടിരിക്കുന്നു.  വര്‍ഷത്തിന്റെ ഒരിക്കല്‍ മാത്രം ദൈവത്തെ ആരാധിക്കുന്നവര്‍ അങ്ങനെ ചെയ്യട്ടെ.  നാം അവരെ അനുകരിക്കേണ്ടതുണ്ടോ ? നമുക്ക് ദൈവം തന്നിരിക്കുന്ന കാഴ്ച്ചപ്പാടിനനുസരിച്ചു  നമുക്ക് ദൈവത്തെ സ്തുതിക്കാം. നാം നമ്മെ നാശത്തില്‍ നിന്നും വീണ്ടെടുത്ത ദൈവത്തെ അനുദിനം സ്തുതിക്കാന്‍ കടമ്പെട്ടിരിക്കുന്നു, അതത്രേ ദൈവം നമ്മില്‍  നിന്നും ആഗ്രഹിക്കുന്നതും.  വ്യര്‍ത്ഥമായ   പുറം ആചാരങ്ങളില്‍ നമ്മുടെ വിലയേറിയ സമയം പാഴാക്കാതെ നമ്മെ വിളിച്ചവന്റെ സല്‍ഗുണങ്ങളെ നമുക്ക് മറ്റുള്ളവരോട് ഘോഷിക്കാം, കര്‍ത്താവതിനേവര്‍ക്കും   സഹായിക്കട്ടെ.

PS: 
മേല്‍പ്പറഞ്ഞ ചിന്തക്ക് ഒരു മറുവശം കൂടിയുണ്ട് എന്നുള്ളത് ഇവിടെ വിസ്മരിക്കുന്നില്ല:
"വളരെ അത്മാര്‍ഥതയോട് തന്നെ ഇത്തരം യോഗങ്ങങ്ങളില്‍ പങ്കെടുക്കുന്ന ഒരു നല്ല കൂട്ടം ഉണ്ടെന്നുള്ളതും  ഒരു വസ്തുതയാണ്.  

നമ്മുടെ സാക്ഷ്യവും, പ്രസംഗവും അത്മാര്‍ത്ഥതയോടെ  ഹൃദയത്തിന്റെ അന്തര്‍ഭാഗത്ത്‌  നിന്നും ഉയരുന്നതു   ആയിരിക്കട്ടെ

എല്ലാം ഉചിതവും ചന്തവുമായി കര്‍ത്തൃ നാമമഹിമാക്കായി മാത്രം നടക്കട്ടെ.

ഇത്തരം സന്ദര്‍ഭങ്ങള്‍  ഒരു ആഘോഷത്തിന്റെയും  ഉല്ലാസത്തിന്റെയും
പ്രതീതി പ്രകടമാക്കുന്നതിനുള്ള ഒരു ഇടം ആകാതെ  അവിടം  ആരാധനയുടെയും സ്തുതിയുടെയും  ഒരു ഉറവിടം ആകട്ടെ. 

എന്റെ   ഈ ചിന്തയെ ഒരു വിമര്‍ശന ചിന്തയായി പ്രീയപ്പെട്ടവര്‍ ഗണിക്കില്ല എന്ന്   അത്മാര്‍ത്ഥ വിശ്വസിക്കുന്നു.  
എന്ന്,   നിങ്ങളുടെ സ്വന്തം സഹോദരന്‍  ഏരിയല്‍ ഫിലിപ്പ്.


(ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതിയ ഒരു ലേഖനമെങ്കിലും അതിന്റെ പ്രസക്തി ഇന്നും നഷ്ടമാകാതെ നില്‍ക്കുന്നതിനാല്‍ അത് വീണ്ടും  അല്‍പ്പം ചില മാറ്റങ്ങളോടെ ഇവിടെ പ്രസിദ്ധീകരിക്കുന്നു.  'ഉന്നതധ്വനി ' മാസികയില്‍ (Highrange Echo) പ്രസിദ്ധീകരിച്ചത്).

Source:  Highrange Echo Magazine, Kottayam, Kerala. 

ഈ ബ്ലോഗിന്റെ തലക്കെട്ട്  (ബാനര്‍ )ഡിസൈൻ ചെയ്ത് തന്ന എന്റെ സുഹൃത്തും ക്രിസ്തുവില്‍ സഹോദരനുമായ റിജോയ് പൂമലക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി.

നിങ്ങള്‍ മനുഷ്യരെ പ്രസാദിപ്പിക്കുന്നവരോ? Are You Menpleasers?

   നിങ്ങള്‍ മനുഷ്യരെ പ്രസാദിപ്പിക്കുന്നവരോ?
                   ഫിലിപ്പ് വറുഗീസ്, സിക്കന്തരാബാദ്

(ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് സുവിശേഷ ധ്വനി വാരികയില്‍ പ്രസിദ്ധീകരിച്ച എന്റെ ഒരു ലേഖനം - അല്പം ഭേദഗതി  വരുത്തിയത് അവ  italics ല്‍ കൊടുത്തിരിക്കുന്നു)

മനുഷ്യരെ പ്രസാദിപ്പിക്കുവാനും, മനുഷ്യരാല്‍ പ്രശംസിക്കപ്പെടുവാനും വെമ്പല്‍ കൊള്ളുന്ന ഒരു കൂട്ടരേ ഇന്ന് പുറം ലോകത്തില്‍ എന്നപോലെ ആത്മീയ ഗോളത്തിലും കാണുവാന്‍ കഴിയും എന്നത് ദു:ഖകരമായ ഒരു സത്യമത്രേ!  വിശ്വാസ ഗോള ത്തില്‍ ഇന്നനേകര്‍ക്കു  സംഭവിക്കുന്ന ഒരു അമളിയത്രേ ഇത്.


ദൈവ വചനത്തിലെ  വിലയേറിയ സത്യങ്ങളെ അവഗണിച്ചു കൊണ്ട്, വചനം ഉച്ചൈസ്തരം പ്രഘോഷിക്കുന്നവര്‍ എന്നഭിമാനിക്കുന്ന വരില്‍ കൂടിയും ഈ കാലങ്ങളില്‍ ഈ പ്രവണത കണ്ടു തുടങ്ങിയിരിക്കുന്നു. അടുത്തിടെ ഒരു ക്രൈസ്തവ പ്രസിദ്ധീകരണത്തില്‍ ഒരു സഹോദരന്‍ എഴുതിയ  ചില വാക്കുകള്‍ ഇതോടുള്ള ബന്ധത്തില്‍  വളരെ  ശ്രദ്ധേയമായി തോന്നി.  അതിവിടെ വീണ്ടും കുറിക്കുന്നു.  ....വാക്യങ്ങള്‍ കൂട്ടിച്ചേര്‍ത്തു പ്രസംഗിക്കുവാന്‍  നാം ഇന്ന് ആരുടേയും പിന്നിലല്ല.  എന്നാല്‍ പ്രവര്‍ത്തിയില്ലാത്ത വിശ്വാസവും മാതൃകയില്ലാത്ത ജീവിതവും വിശ്വാസികളില്‍ ഇന്ന് എന്നത്തേതിലും അധികം കടന്നു കൂടിയിരിക്കയാണ്.
ഹേ! അന്യനെ ഉപദേശിക്കുന്നവനേ നിന്നെത്തന്നെ ഉപദേശിക്കാത്തത് എന്ത്?


മറ്റുള്ളവരുടെ  കുറവുകളും കുറ്റങ്ങളും  പ്രതിഫലിപ്പിച്ചു കാണിപ്പാനും അവരെ ഉപദേശി പ്പാനും നല്ല  സാമര്‍ത്ഥയമാണു, പക്ഷെ സ്വന്ത പ്രവര്‍ത്തിയോടടുക്കുമ്പോള്‍ ഇതൊന്നും തങ്ങള്‍ക്കു ബാധകമേ അല്ല എന്ന ചിന്തയാണിവര്‍ക്ക്.  പ്രവര്‍ത്തിയില്ലാത്ത പ്രസംഗം വെറും വ്യര്‍ഥം അതിനു മിക്കപ്പോഴും  മറ്റുള്ളവര്‍ ചെവി കൊടുക്കുകയും ഇല്ല.


എല്ലാവരും തങ്ങളെ പ്രശംസിക്കണം, തങ്ങള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും മാത്രം ശരി എന്ന എന്ന മനോഭാവവും ഇക്കൂട്ടര്‍ക്കുണ്ട്.  സ്ഥാനമാനങ്ങള്‍ക്കും മനുഷ്യപ്രീതിക്കുമായുള്ള  പരവേശം ഇവരില്‍ പടര്‍ന്നു പിടിച്ചിരിക്കയാണ്‌.  മറ്റുള്ളവരുടെ പ്രശംസയും സഹായ സഹകരണങ്ങളും പിടിച്ചു പറ്റാന്‍ മുഖസ്തുതിയും, മായം കലര്‍ന്ന പുകഴ്ത്തലുകളും മറ്റും വാ തോരാതെ കോരിച്ചൊരിയാനും  ഇക്കൂട്ടര്‍ക്ക് ഒട്ടും മടിയില്ല.
സഭാ ചരിത്രം പഠിച്ചാല്‍ ആദ്യകാല വിശ്വാസികളുടെയും ഇന്നുള്ളവരുടെയും ദര്‍ശനത്തിനും  വേലക്കായുള്ള സമര്‍പ്പണത്തിനും തമ്മില്‍ വലിയ അന്തരം ഉണ്ടെന്നു ഖേദത്തോടെ  മാത്രം ഓര്‍ക്കേണ്ടിയിരിക്കുന്നു.  അന്നുള്ളവര്‍ സര്‍വ്വവും ത്യജിച്ചു  കര്‍ത്താവിന്റെ പിന്നാലെ  ഇറങ്ങിത്തിരിച്ചെങ്കില്‍ ഇന്ന് എന്തെല്ലാമോ സ്വരുക്കൂട്ടാമെന്ന  മോഹത്തില്‍ എന്തെല്ലാമോ ചെയ്തു കൂട്ടുന്നു.  കര്‍ത്താവ്‌  ഇന്ന്    തങ്ങളുടെ ചെയ്തികളില്‍ പ്രസാദിച്ചാലും  ഇല്ലെങ്കിലും  തങ്ങള്‍ക്കതൊന്നും ഒരു വലിയ പ്രശ്നമേ അല്ല, എന്നാല്‍  മനുഷ്യപ്രസാദം ഒട്ടും കുറയുകയും അരുത് എന്ന ചിന്തയില്‍  മുന്നോട്ടു പോകുന്നു. അതിനായി എന്ത് വേണമെങ്കിലും (എത്ര നീചമായ പ്രവര്‍ത്തി പോലും) ചെയ്യുവാന്‍  തയ്യാറാകുന്നു.


ഇത്തരം ചിന്തകള്‍ കടന്നു കൂടിയിരിക്കുന്നവരുടെ എണ്ണം ഇന്ന് വിശ്വാസ ഗോളത്തിലും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നത് ഭയാനകരമായ ഒരു വസ്തുതയാണ്.   മനുഷ്യരെ പ്രസാദിപ്പിച്ചെങ്കിലെ  തങ്ങള്‍ക്കു ലഭിക്കേണ്ട  പ്രശംസ, പ്രസാദം ലഭ്യമാവുകയുള്ളൂ  എന്ന ചിന്തയോടെ ഇവര്‍ തങ്ങളുടെ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നു.  എന്നാല്‍ മനുഷ്യ പ്രസാദം ലഭിപ്പാനായി മനുഷ്യരെ പ്രസാദിപ്പിക്കുവാന്‍ ശ്രമിക്കുന്ന സഹോദരാ, സഹോദരീ, ആ തിരക്കിനിടയില്‍ ഒരു വലിയ ദൈവീക സത്യം നിങ്ങള്‍ മറന്നു പോകുന്നു. 
"മനുഷ്യരെ ദൃഷ്ടിസേവയാൽ അല്ല, ക്രിസ്തുവിന്റെ ദാസന്മാരെപ്പോലെ ദൈവേഷ്ടം മനസ്സോടെ ചെയ്തും.  മനുഷ്യരെയല്ല കർത്താവിനെ തന്നേ പ്രീതിയോടെ സേവിച്ചുംകൊണ്ടു അനുസരിപ്പിൻ.  (എഫെസ്യ ലേഖനം 6: 6-7).  ഇപ്പോൾ ഞാൻ 
മനുഷ്യരെയോ ദൈവത്തെയോ സന്തോഷിപ്പിക്കുന്നതു? അല്ല, ഞാൻ മനുഷ്യരെ പ്രസാദിപ്പിപ്പാൻ നോക്കുന്നുവോ? ഇന്നും ഞാൻ മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കിൽ ക്രിസ്തുവിന്റെ ദാസനായിരിക്കയില്ല.  (ഗലാത്യ ലേഖനം 1: 10).


മനുഷ്യ പ്രസാദത്തിന്നായി  വെമ്പല്‍ കാട്ടുന്ന സ്നേഹിതാ, മനുഷ്യ പ്രസാദം മാത്രം ലക്ഷ്യമാക്കി നീ നീങ്ങുന്നുവെങ്കില്‍  നിന്റെ എല്ലാ പ്രവര്‍ത്തിയും വെറും വ്യര്‍ത്ഥവും ഫലരഹിതവുമായിത്തീരും.  ഇന്ന് നീ മനുഷ്യരെ പ്രസാദിപ്പിക്കുന്നുവെങ്കില്‍ ക്രിസ്തുവിന്റെ ദാസനായിരിക്കുകയില്ല, നിന്റെ പ്രസംഗവും പ്രവര്‍ത്തിയും തമ്മില്‍ യാതൊരു യോജിപ്പും ഇല്ലാതെ പോകും, ആരും അത് കേള്‍ക്കാനോ, ചെവിക്കൊള്ളാനോ മാനിക്കുവാനോ മുന്നോട്ടു വരില്ല.


ഈ ലോകത്തിന്റെ സ്ഥാനമാനങ്ങള്‍ ചപ്പും ചവറും എന്നെണ്ണി ക്രിസ്തുവിന്റെ പിന്നാലെ ഇറങ്ങിത്തിരിച്ച അപ്പൊസ്തലന്മാരുടെ മാതൃക നാം പിന്തുടരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.  എന്തിനെ വിട്ടോടി വന്നോ അതിന്റെ പിന്നാലെ പരക്കം പായുന്നതിനുള്ള ഒരു തരം തത്രപ്പാടാണിന്നു ചിലര്‍ക്ക്.  (ഒരിക്കല്‍ വിട്ടേച്ചു പോന്ന പള്ളിയും പട്ടക്കാരും ഒന്ന് തിരിച്ചെടുത്താല്‍ എന്ത്? ആകാശം ഇടിഞ്ഞു  വീഴുകയോ മറ്റോ ചെയ്യുമോ?  എന്ന ഭാവമാണവര്‍ക്ക് , - പ്രമാണിമാരും പ്രമുഖന്മാരും ഇക്കൂട്ടത്തില്‍  ഉണ്ടല്ലോ എന്നത്  ഞെട്ടലോടെ  മാത്രമേ കാണാന്‍ കഴിയുന്നുള്ള!  നാളിതുവരെ ഇവര്‍ പഠിപ്പിച്ചതും പറഞ്ഞതും  വെള്ളത്തില്‍ എഴുതിയത്  പോലെ ആയിപ്പോയല്ലോ എന്നോര്‍ക്കുമ്പോള്‍ സത്യത്തില്‍ ദു:ഖം തോന്നുന്നു.  തികച്ചും ദു:ഖകരമായ  ഒരു വസ്തുത).
അങ്ങനെയുള്ളവര്‍ക്കുള്ള മുന്നറിയിപ്പല്ലേ?  അപ്പോസ്തലെന്റെ ഈ വാക്കുകള്‍ :  

"അവര്‍  ക്രിസ്തുവിന്റെ ദാസനായിരിക്കുകയില്ല"  (ഗലാത്യ ലേഖനം 1: 10).
                                                         
പ്രീയപ്പെട്ടവരെ നാം ഇന്ന് ആരെ അനുഗമിക്കുന്നു? ആരെ പ്രസാദി പ്പിക്കുന്നു ?
നിങ്ങള്‍ മനുഷ്യരെ പ്രസാദിപ്പിക്കുന്നവരോ?  അതിനുള്ള തത്രപ്പാടിലോ?  എങ്കില്‍  നിങ്ങള്‍ ദൈവത്തിനുള്ളവരല്ല.  തിരുവചനം അതത്രേ പറയുന്നത്.   മറിച്ചു  കര്‍ത്താവിനെ ത്തന്നെ ഭക്തിയോടെ സേവിച്ചും, അവനു പ്രസാദമായതു ചെയ്തും കൊണ്ട്  അവനെ പ്രസാദി പ്പിച്ചും കഴിയുന്നുവെങ്കില്‍ നിങ്ങള്‍ അവന്റെ മക്കളായി തന്നെ ഇരിക്കും. 
കര്‍ത്താവതിനേവര്‍ക്കും  സഹായിക്കട്ടെ! 


Source:
Suviseshadhwani Weekly (1986 ഡിസംബര്‍  29)


ആദി പാഠങ്ങളിലേക്ക് നാം വീണ്ടും തിരിയുകയോ?

ആദി പാഠങ്ങളിലേക്ക് 
നാം വീണ്ടും തിരിയുകയോ?
ഫിലിപ്പ് വറുഗീസ്  'ഏരിയല്‍'
സെക്കന്തരാബാദ് 

(ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതി സുവിശേഷ ധ്വനി (Suvisesha Dhawani Weekly) വാരികയില്‍ പ്രസിദ്ധീകരിച്ച  എന്റെ ഒരു ലേഖനം .  ഇതിന്റെ പ്രസക്തി അന്നെന്ന പോലെ ഇന്നും തുടരുന്നതിനാല്‍ അത് വീണ്ടും ഇവിടെ പ്രസിദ്ധീകരിക്കുന്നു)
ഇന്ന് വിശ്വാസ ഗോളത്തില്‍ പലയിടത്തും അറിഞ്ഞോ അറിയാതയോ കടന്നു കൂടിയിരിക്കുന്ന ചില ദുരാചാരങ്ങള്‍ അല്ലെ ജന്മ ദിന ആഘോഷങ്ങള്‍, വിവാഹ വാര്‍ഷികങ്ങള്‍, ഷഷ്ടി പൂര്‍ത്തി ആഘോഷങ്ങള്‍ തുടങ്ങിയവ?  തങ്ങളുടെ മക്കളുടെയും, മക്കളുടെ മക്കളുടെയും തങ്ങളുടെ തന്നെയും ജനന ദിവസങ്ങള്‍ക്കു അമിത പ്രാധാന്യം നല്‍കി വിരുന്നു സല്‍ക്കാരങ്ങളിലും, അതെ തുടര്‍ന്നുള്ള ആഹ്ലാദ പ്രകടനങ്ങളിലും വിശ്വാസികളായ പലരും ലോക ജനങ്ങളെപ്പോലെ തന്നെ ആഘോഷിക്കുന്ന അവസ്ഥ ഇന്ന് പല ഇടങ്ങളിലും കാണുന്നുണ്ട്.
വിശ്വാസ ജീവിതത്തില്‍ അനേകം പടികള്‍ ചവുട്ടിക്കടന്നു പക്വത വന്നവരെന്നഭിമാനിക്കുന്ന വരില്‍പോലും ഈ പ്രവണത കാണുമ്പോള്‍ സത്യത്തില്‍ ദു:ഖം തോന്നുകയാണ്.
പൗലോസ്‌ അപ്പോസ്തലന്‍ ഗലാത്യയിലെ വിശ്വാസികളെ പ്രബോധിപ്പിച്ചു കൊണ്ടെഴുതിയ വാക്കുകള്‍ ആണ് ഇത്തരുണത്തില്‍ ഓര്‍മ്മയില്‍ വരുന്നത്.
"എന്നാൽ അന്നു നിങ്ങൾ ദൈവത്തെ അറിയാതെ സ്വഭാവത്താൽ ദൈവങ്ങളല്ലാത്തവർക്കു അടിമപ്പെട്ടിരുന്നു.  ഇപ്പോഴോ ദൈവത്തെ അറിഞ്ഞും വിശേഷാൽ ദൈവം നിങ്ങളെ അറിഞ്ഞുമിരിക്കെ നിങ്ങൾ പിന്നെയും ബലഹീനവും ദരിദ്രവുമായ ആദിപാഠങ്ങളിലേക്കു തിരിഞ്ഞു അവെക്കു പുതുതായി അടിമപ്പെടുവാൻ ഇച്ഛിക്കുന്നതു എങ്ങനെ?

നിങ്ങൾ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു. 
ഞാൻ നിങ്ങൾക്കു വേണ്ടി അദ്ധ്വാനിച്ചതു വെറുതെയായി എന്നു ഞാൻ ഭയപ്പെടുന്നു.
                                                                                  (ഗലാത്യ ലേഖനം 4:8-11)- (Gal.4:8-11).
പൗലോസ്‌ അപ്പോസ്തലന്‍ പറഞ്ഞത് പോലെ  ഒരു കാലത്ത് നാം പിന്‍പറ്റിക്കൊണ്ടിരുന്നതും, പിന്നീട് വിട്ടു കളഞ്ഞതുമായ ബലഹീനവും ദരിദ്രവുമായ ആദി പാഠങ്ങളിലേക്ക് നാം വീണ്ടും തിരിയുകയോ? ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുവാന്‍ നാം വീണ്ടും മുതിരുകയോ? ചിന്തിക്കുക!

തിരുവചനം ഇതേപ്പറ്റി എന്ത് പറയുന്നു എന്ന് നമുക്ക് നല്ല നിശ്ചയം ഉണ്ട്.
എങ്കിലും അത് പലപ്പോഴും നാം മനപ്പൂര്‍വ്വം മറക്കുകയല്ലേ ചെയ്യുന്നത്?
തിരുവചനത്തിലേക്ക്   നമുക്കൊന്ന് മടങ്ങി വരാം.

വചനം ഇത്തരം ആഘോഷങ്ങള്‍ക്ക് യാതൊരു വിധ പ്രാധാന്യവും നല്‍കുന്നതായി നാം എവിടെയും വായിക്കുന്നില്ല.  മറിച്ചു അത്തരം ചടങ്ങുകളെ നിരുല്‍സാഹപ്പെടുത്തി മാത്രമേ രേഖപ്പെടുത്തി കാണുന്നുള്ളൂ.

ദൈവ ഭക്തരായ ഇയ്യോബും യിരമ്യാവും തങ്ങളുടെ ജനന ദിവസത്തെ ശപിച്ചതായിട്ടാണ് രേഖപ്പെടുത്തിക്കാണുന്നത്.

ഇയ്യോബിന്റെ പുസ്തകത്തില്‍ നാം ഇപ്രകാരം വായിക്കുന്നു:
"അനന്തരം ഇയ്യോബ് വായി തുറന്നു തന്റെ ജന്മദിവസത്തെ ശപിച്ചു." (ഇയ്യോബ് 3:1).
"ഞാൻ ഗർഭപാത്രത്തിൽവെച്ചു മരിക്കാഞ്ഞതെന്തു? ഉദരത്തിൽനിന്നു പുറപ്പെട്ടപ്പോൾ തന്നേ പ്രാണൻ പോകാതിരുന്നതെന്തു?" (ഇയ്യോബ് 3:11).

യിരമ്യാവിന്റെ പുസ്തകത്തില്‍ നാം ഇപ്രകാരം കാണുന്നു:
"ഞാൻ ജനിച്ച ദിവസം ശപിക്കപ്പെട്ടിരിക്കട്ടെ; എന്റെ അമ്മ എന്നെ പ്രസവിച്ച ദിവസം അനുഗ്രഹിക്കപ്പെടാതിരിക്കട്ടെ." 
നിനക്കു ഒരു മകൻ ജനിച്ചിരിക്കുന്നു എന്നു എന്റെ അപ്പനോടു അറിയിച്ചു അവനെ ഏറ്റവും സന്തോഷിപ്പിച്ച മനുഷ്യൻ ശപിക്കപ്പെട്ടവൻ."  (യിരമ്യ്യാവ്. 20:14-15).

ദുഷ്ടന്മാരും ദൈവം ഇല്ലാത്തവരുമായ കേവലം രണ്ടു രാജാക്കന്മാരുടെ ജന്മ ദിനാഘോഷങ്ങളെ പ്പറ്റി മാത്രമേ തിരുവചനത്തില്‍ പ്രതിപാദിച്ചു കാണുന്നുള്ളൂ.

ഒന്ന് പഴയ നിയമത്തിലും (ഫറവോന്‍), മറ്റൊന്ന് പുതിയ നിയമത്തിലും (ഹെരോദാവു) ഇവരുടെ രണ്ടു പേരുടെയും ജീവിതം ഒരു വിധത്തിലും ശ്ലാഘനീയമായിരുന്നില്ല. ഈ രണ്ടു സന്ദര്‍ഭങ്ങളിലും    
അത്യന്തം ദു:ഖകരമായ രണ്ടു അനിഷ്ട സംഭവങ്ങളും നടന്നതായി നാം കാണുന്നു.

ഫറവോന്റെ ജന്മ ദിനത്തില്‍ തന്റെ അപ്പക്കാരുടെ പ്രമാണിയെ അവന്‍ തൂക്കിക്കൊന്നു. 

ഉല്‍പ്പത്തി 40:20-22 നാം ഇങ്ങനെ വായിക്കുന്നു:
"മൂന്നാം നാളിൽ ഫറവോന്റെ തിരുനാളിൽ അവൻ തന്റെ സകലദാസന്മാർക്കും ഒരു വിരുന്നുകഴിച്ചു. തന്റെ ദാസന്മാരുടെ മദ്ധ്യേ പാനപാത്ര വാഹകന്മാരുടെ പ്രമാണിയെയും അപ്പക്കാരുടെ പ്രമാണിയെയും ഓർത്തു. 
പാനപാത്രവാഹകന്മാരുടെ പ്രമാണിയെ ഫറവോന്റെ കയ്യിൽ പാനപാത്രം കൊടുക്കേണ്ടതിന്നു വീണ്ടും അവന്റെ സ്ഥാനത്തു ആക്കി.

അപ്പക്കാരുടെ പ്രമാണിയെയോ അവൻ തൂക്കിച്ചു; യോസേഫ് അർത്ഥം പറഞ്ഞതുപോലെ തന്നെ."
ഹെരോദാവിന്റെ ജനനോത്സവത്തില്‍ യേശു ക്രിസ്തുവിന്റെ തന്നെ മുന്നോടി ആയിരുന്ന യോഹന്നാന്‍ സ്നാപകന്റെ ശിരഛെദം  നടത്തേണ്ട ഗതി തനിക്കുണ്ടായി.

എത്രയോ ദു:ഖത്തില്‍ പര്യവസാനിച്ച രണ്ടു ആഘോഷങ്ങള്‍.  ഇന്നും ഇത്തരം പല ആഘോഷ തിമിര്‍പ്പുകളുടെയും പരിണിതഫലം ഏതെങ്കിലും  തരത്തിലുള്ള ദുരന്തത്തിലവസാനിക്കാറില്ലേ?
അത്തരം പല ഉദാഹരണങ്ങള്‍ ഈ എഴുത്തുകാരന് നിരത്തി വെക്കുവാന്‍ കഴിയും.

ഇന്ന് ക്രൈസ്തവ ജനത കര്‍ത്താവിന്റെ ജനനോത്സവത്തെ  കൊണ്ടാടുന്നു എന്ന് പറഞ്ഞു കാട്ടിക്കൂട്ടുന്ന ചെയ്തികള്‍ എത്രയോ ഹീനവും നിന്ദ്യവും ആയ രീതിയിലാണ്.  ലോകത്തില്‍ ഇന്ന് ഏറ്റവും അധികം അക്രമങ്ങളും, അപകടങ്ങളും നടക്കുന്ന ദിവസങ്ങള്‍ കര്‍ത്താവിന്റെ ജന്മദിനം എന്ന് പറഞ്ഞു ആഘോഷിക്കുന്ന ഡിസംബര്‍ ഇരുപത്തിയഞ്ചിലും, അതേത്തുടര്‍ന്നുള്ള  പുതു വത്സര ആഘോഷ ദിനങ്ങളിലും ആണെന്ന് അടുത്തയിട ഒരു പത്ര വാര്‍ത്ത കാണുകയുണ്ടായി.  
എത്ര പരിതാപകരമായ ഒരു സ്ഥിതി വിശേഷം.  പ്രപഞ്ചത്തിന്റെ സൃഷ്ടിതാവിനെ വേണ്ടും വണ്ണം അറിയാതെ തന്നേ പ്രീതിപ്പെടുത്താനെന്ന മോഹത്തില്‍ എന്തെല്ലാമോ കാട്ടിക്കൂട്ടുന്നു.

വര്‍ഷത്തിന്റെ ഒരു പ്രത്യേക ദിവസത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി ആ ദിവസം മാത്രം ദൈവത്തെ പുകഴ്ത്തുന്നു ആരാധിക്കുന്നു എന്നു പറയുന്നത് തികച്ചും അര്‍ഥ ശൂന്ന്യമാണ്, കാരണം 
ദൈവം ദിവസങ്ങളെ എല്ലാം ഒരുപോലെ ആണ് സൃഷ്ടിച്ചിരിക്കുന്നത്. ആ ദിവസങ്ങളില്‍ എല്ലാം തന്നേ ഒരേ രീതിയിലും ഒരേ അവസ്ഥയിലും തന്നെ ആരാധിക്കണമെന്നും ദൈവം മനുഷ്യരില്‍ നിന്നും ആഗ്രഹിക്കുന്നു.

ഇന്ന് അനേകരും ക്രിസ്തുവിനെ കൂടാതെയുള്ള ക്രിസ്തുമസ് ആചരണത്തിന് പ്രാധാന്യം നല്‍കുന്നതായാണ് കാണുന്നത്. ഇതില്‍ നിന്നും എത്രയോ വ്യത്യസ്തരായിരിക്കേണ്ട വിശ്വാസികള്‍ എന്നു പേര്‍ പറയുന്നവര്‍ പോലും ഇത്തരം വെറിക്കൂത്തുകളിലും, ആചാരങ്ങളിലും അകപ്പെട്ടു പോകുന്നത് എത്രയോ ദു:ഖകരമാണ്.   

അപ്പോസ്തലന്‍ പറഞ്ഞത് പോലെ, ദൈവത്തെ അറിയാതെ കഴിഞ്ഞിരുന്ന കാലത്തെ ബലഹീനവും ദരിദ്രവുമായ ആദി പാഠങ്ങളിലേക്ക് തിരിഞ്ഞു അവയ്ക്ക് വീണ്ടും അടിമകള്‍ ആകാതിരിപ്പാന്‍ നമുക്ക് ശ്രദ്ധിക്കാം.  "ഞാന്‍ നിങ്ങള്‍ക്കു വേണ്ടി അധ്വാനിച്ചത് വെറുതെയായി എന്നുള്ള സ്വരം കേള്‍പ്പാന്‍ നമുക്കിടയാകാതിരിക്കട്ടെ.

ക്രിസ്തു ഹൃദയങ്ങളില്‍ ജനിക്കാതെയുള്ള ഒരു ആഘോഷവും, ഒരു ആചാരവും യഥാര്‍ഥ സമാധാനവും സന്തോഷവും തരില്ല. യഥാര്‍ ഥമായി ക്രിസ്തു ഹൃദയങ്ങളില്‍ വസിക്കുന്നുയെങ്കില്‍ ആ വ്യക്തിക്ക് തന്റെ ജീവിതത്തില്‍ ഓരോ ദിവസവും ക്രിസ്തുമസ് ആഘോഷിക്കുവാന്‍ കഴിയും.

വ്യര്‍ഥമായ ഇത്തരം പുറം ആചാരങ്ങളില്‍ നമ്മുടെ സമയം നഷ്ടമാക്കാതെ നമ്മുടെ കര്‍ത്താവിന്റെ വരവിനെ ബദ്ധപ്പെടുത്തുന്നവരും, തന്റെ വരവിനായി ആവലോടെ ഇരിക്കുന്നതിനും, അതെപ്പറ്റി രണ്ടായിരം വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നും അജ്ജരായിരിക്കുന്ന അനേകരെ അതറിയിക്കുന്നതിനും നമുക്ക് യെജ്ജിക്കാം, ഏതു വിധേനയും നമുക്കതറിയിക്കാം.  കര്‍ത്താവ്‌ അതിനേവര്‍ക്കും സഹായിക്കട്ടെ.  

                         (Published in Suviseshadhwani weekly in the year 1993 Feb. 8)