Sunday, January 1, 2012

നിങ്ങള്‍ മനുഷ്യരെ പ്രസാദിപ്പിക്കുന്നവരോ? Are You Menpleasers?

   നിങ്ങള്‍ മനുഷ്യരെ പ്രസാദിപ്പിക്കുന്നവരോ?
                   ഫിലിപ്പ് വറുഗീസ്, സിക്കന്തരാബാദ്

(ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് സുവിശേഷ ധ്വനി വാരികയില്‍ പ്രസിദ്ധീകരിച്ച എന്റെ ഒരു ലേഖനം - അല്പം ഭേദഗതി  വരുത്തിയത് അവ  italics ല്‍ കൊടുത്തിരിക്കുന്നു)

മനുഷ്യരെ പ്രസാദിപ്പിക്കുവാനും, മനുഷ്യരാല്‍ പ്രശംസിക്കപ്പെടുവാനും വെമ്പല്‍ കൊള്ളുന്ന ഒരു കൂട്ടരേ ഇന്ന് പുറം ലോകത്തില്‍ എന്നപോലെ ആത്മീയ ഗോളത്തിലും കാണുവാന്‍ കഴിയും എന്നത് ദു:ഖകരമായ ഒരു സത്യമത്രേ!  വിശ്വാസ ഗോള ത്തില്‍ ഇന്നനേകര്‍ക്കു  സംഭവിക്കുന്ന ഒരു അമളിയത്രേ ഇത്.


ദൈവ വചനത്തിലെ  വിലയേറിയ സത്യങ്ങളെ അവഗണിച്ചു കൊണ്ട്, വചനം ഉച്ചൈസ്തരം പ്രഘോഷിക്കുന്നവര്‍ എന്നഭിമാനിക്കുന്ന വരില്‍ കൂടിയും ഈ കാലങ്ങളില്‍ ഈ പ്രവണത കണ്ടു തുടങ്ങിയിരിക്കുന്നു. അടുത്തിടെ ഒരു ക്രൈസ്തവ പ്രസിദ്ധീകരണത്തില്‍ ഒരു സഹോദരന്‍ എഴുതിയ  ചില വാക്കുകള്‍ ഇതോടുള്ള ബന്ധത്തില്‍  വളരെ  ശ്രദ്ധേയമായി തോന്നി.  അതിവിടെ വീണ്ടും കുറിക്കുന്നു.  ....വാക്യങ്ങള്‍ കൂട്ടിച്ചേര്‍ത്തു പ്രസംഗിക്കുവാന്‍  നാം ഇന്ന് ആരുടേയും പിന്നിലല്ല.  എന്നാല്‍ പ്രവര്‍ത്തിയില്ലാത്ത വിശ്വാസവും മാതൃകയില്ലാത്ത ജീവിതവും വിശ്വാസികളില്‍ ഇന്ന് എന്നത്തേതിലും അധികം കടന്നു കൂടിയിരിക്കയാണ്.
ഹേ! അന്യനെ ഉപദേശിക്കുന്നവനേ നിന്നെത്തന്നെ ഉപദേശിക്കാത്തത് എന്ത്?


മറ്റുള്ളവരുടെ  കുറവുകളും കുറ്റങ്ങളും  പ്രതിഫലിപ്പിച്ചു കാണിപ്പാനും അവരെ ഉപദേശി പ്പാനും നല്ല  സാമര്‍ത്ഥയമാണു, പക്ഷെ സ്വന്ത പ്രവര്‍ത്തിയോടടുക്കുമ്പോള്‍ ഇതൊന്നും തങ്ങള്‍ക്കു ബാധകമേ അല്ല എന്ന ചിന്തയാണിവര്‍ക്ക്.  പ്രവര്‍ത്തിയില്ലാത്ത പ്രസംഗം വെറും വ്യര്‍ഥം അതിനു മിക്കപ്പോഴും  മറ്റുള്ളവര്‍ ചെവി കൊടുക്കുകയും ഇല്ല.


എല്ലാവരും തങ്ങളെ പ്രശംസിക്കണം, തങ്ങള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും മാത്രം ശരി എന്ന എന്ന മനോഭാവവും ഇക്കൂട്ടര്‍ക്കുണ്ട്.  സ്ഥാനമാനങ്ങള്‍ക്കും മനുഷ്യപ്രീതിക്കുമായുള്ള  പരവേശം ഇവരില്‍ പടര്‍ന്നു പിടിച്ചിരിക്കയാണ്‌.  മറ്റുള്ളവരുടെ പ്രശംസയും സഹായ സഹകരണങ്ങളും പിടിച്ചു പറ്റാന്‍ മുഖസ്തുതിയും, മായം കലര്‍ന്ന പുകഴ്ത്തലുകളും മറ്റും വാ തോരാതെ കോരിച്ചൊരിയാനും  ഇക്കൂട്ടര്‍ക്ക് ഒട്ടും മടിയില്ല.
സഭാ ചരിത്രം പഠിച്ചാല്‍ ആദ്യകാല വിശ്വാസികളുടെയും ഇന്നുള്ളവരുടെയും ദര്‍ശനത്തിനും  വേലക്കായുള്ള സമര്‍പ്പണത്തിനും തമ്മില്‍ വലിയ അന്തരം ഉണ്ടെന്നു ഖേദത്തോടെ  മാത്രം ഓര്‍ക്കേണ്ടിയിരിക്കുന്നു.  അന്നുള്ളവര്‍ സര്‍വ്വവും ത്യജിച്ചു  കര്‍ത്താവിന്റെ പിന്നാലെ  ഇറങ്ങിത്തിരിച്ചെങ്കില്‍ ഇന്ന് എന്തെല്ലാമോ സ്വരുക്കൂട്ടാമെന്ന  മോഹത്തില്‍ എന്തെല്ലാമോ ചെയ്തു കൂട്ടുന്നു.  കര്‍ത്താവ്‌  ഇന്ന്    തങ്ങളുടെ ചെയ്തികളില്‍ പ്രസാദിച്ചാലും  ഇല്ലെങ്കിലും  തങ്ങള്‍ക്കതൊന്നും ഒരു വലിയ പ്രശ്നമേ അല്ല, എന്നാല്‍  മനുഷ്യപ്രസാദം ഒട്ടും കുറയുകയും അരുത് എന്ന ചിന്തയില്‍  മുന്നോട്ടു പോകുന്നു. അതിനായി എന്ത് വേണമെങ്കിലും (എത്ര നീചമായ പ്രവര്‍ത്തി പോലും) ചെയ്യുവാന്‍  തയ്യാറാകുന്നു.


ഇത്തരം ചിന്തകള്‍ കടന്നു കൂടിയിരിക്കുന്നവരുടെ എണ്ണം ഇന്ന് വിശ്വാസ ഗോളത്തിലും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നത് ഭയാനകരമായ ഒരു വസ്തുതയാണ്.   മനുഷ്യരെ പ്രസാദിപ്പിച്ചെങ്കിലെ  തങ്ങള്‍ക്കു ലഭിക്കേണ്ട  പ്രശംസ, പ്രസാദം ലഭ്യമാവുകയുള്ളൂ  എന്ന ചിന്തയോടെ ഇവര്‍ തങ്ങളുടെ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നു.  എന്നാല്‍ മനുഷ്യ പ്രസാദം ലഭിപ്പാനായി മനുഷ്യരെ പ്രസാദിപ്പിക്കുവാന്‍ ശ്രമിക്കുന്ന സഹോദരാ, സഹോദരീ, ആ തിരക്കിനിടയില്‍ ഒരു വലിയ ദൈവീക സത്യം നിങ്ങള്‍ മറന്നു പോകുന്നു. 
"മനുഷ്യരെ ദൃഷ്ടിസേവയാൽ അല്ല, ക്രിസ്തുവിന്റെ ദാസന്മാരെപ്പോലെ ദൈവേഷ്ടം മനസ്സോടെ ചെയ്തും.  മനുഷ്യരെയല്ല കർത്താവിനെ തന്നേ പ്രീതിയോടെ സേവിച്ചുംകൊണ്ടു അനുസരിപ്പിൻ.  (എഫെസ്യ ലേഖനം 6: 6-7).  ഇപ്പോൾ ഞാൻ 
മനുഷ്യരെയോ ദൈവത്തെയോ സന്തോഷിപ്പിക്കുന്നതു? അല്ല, ഞാൻ മനുഷ്യരെ പ്രസാദിപ്പിപ്പാൻ നോക്കുന്നുവോ? ഇന്നും ഞാൻ മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കിൽ ക്രിസ്തുവിന്റെ ദാസനായിരിക്കയില്ല.  (ഗലാത്യ ലേഖനം 1: 10).


മനുഷ്യ പ്രസാദത്തിന്നായി  വെമ്പല്‍ കാട്ടുന്ന സ്നേഹിതാ, മനുഷ്യ പ്രസാദം മാത്രം ലക്ഷ്യമാക്കി നീ നീങ്ങുന്നുവെങ്കില്‍  നിന്റെ എല്ലാ പ്രവര്‍ത്തിയും വെറും വ്യര്‍ത്ഥവും ഫലരഹിതവുമായിത്തീരും.  ഇന്ന് നീ മനുഷ്യരെ പ്രസാദിപ്പിക്കുന്നുവെങ്കില്‍ ക്രിസ്തുവിന്റെ ദാസനായിരിക്കുകയില്ല, നിന്റെ പ്രസംഗവും പ്രവര്‍ത്തിയും തമ്മില്‍ യാതൊരു യോജിപ്പും ഇല്ലാതെ പോകും, ആരും അത് കേള്‍ക്കാനോ, ചെവിക്കൊള്ളാനോ മാനിക്കുവാനോ മുന്നോട്ടു വരില്ല.


ഈ ലോകത്തിന്റെ സ്ഥാനമാനങ്ങള്‍ ചപ്പും ചവറും എന്നെണ്ണി ക്രിസ്തുവിന്റെ പിന്നാലെ ഇറങ്ങിത്തിരിച്ച അപ്പൊസ്തലന്മാരുടെ മാതൃക നാം പിന്തുടരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.  എന്തിനെ വിട്ടോടി വന്നോ അതിന്റെ പിന്നാലെ പരക്കം പായുന്നതിനുള്ള ഒരു തരം തത്രപ്പാടാണിന്നു ചിലര്‍ക്ക്.  (ഒരിക്കല്‍ വിട്ടേച്ചു പോന്ന പള്ളിയും പട്ടക്കാരും ഒന്ന് തിരിച്ചെടുത്താല്‍ എന്ത്? ആകാശം ഇടിഞ്ഞു  വീഴുകയോ മറ്റോ ചെയ്യുമോ?  എന്ന ഭാവമാണവര്‍ക്ക് , - പ്രമാണിമാരും പ്രമുഖന്മാരും ഇക്കൂട്ടത്തില്‍  ഉണ്ടല്ലോ എന്നത്  ഞെട്ടലോടെ  മാത്രമേ കാണാന്‍ കഴിയുന്നുള്ള!  നാളിതുവരെ ഇവര്‍ പഠിപ്പിച്ചതും പറഞ്ഞതും  വെള്ളത്തില്‍ എഴുതിയത്  പോലെ ആയിപ്പോയല്ലോ എന്നോര്‍ക്കുമ്പോള്‍ സത്യത്തില്‍ ദു:ഖം തോന്നുന്നു.  തികച്ചും ദു:ഖകരമായ  ഒരു വസ്തുത).
അങ്ങനെയുള്ളവര്‍ക്കുള്ള മുന്നറിയിപ്പല്ലേ?  അപ്പോസ്തലെന്റെ ഈ വാക്കുകള്‍ :  

"അവര്‍  ക്രിസ്തുവിന്റെ ദാസനായിരിക്കുകയില്ല"  (ഗലാത്യ ലേഖനം 1: 10).
                                                         
പ്രീയപ്പെട്ടവരെ നാം ഇന്ന് ആരെ അനുഗമിക്കുന്നു? ആരെ പ്രസാദി പ്പിക്കുന്നു ?
നിങ്ങള്‍ മനുഷ്യരെ പ്രസാദിപ്പിക്കുന്നവരോ?  അതിനുള്ള തത്രപ്പാടിലോ?  എങ്കില്‍  നിങ്ങള്‍ ദൈവത്തിനുള്ളവരല്ല.  തിരുവചനം അതത്രേ പറയുന്നത്.   മറിച്ചു  കര്‍ത്താവിനെ ത്തന്നെ ഭക്തിയോടെ സേവിച്ചും, അവനു പ്രസാദമായതു ചെയ്തും കൊണ്ട്  അവനെ പ്രസാദി പ്പിച്ചും കഴിയുന്നുവെങ്കില്‍ നിങ്ങള്‍ അവന്റെ മക്കളായി തന്നെ ഇരിക്കും. 
കര്‍ത്താവതിനേവര്‍ക്കും  സഹായിക്കട്ടെ! 


Source:
Suviseshadhwani Weekly (1986 ഡിസംബര്‍  29)






No comments:

Post a Comment